Tuesday, August 19, 2014

അന്നുമിന്നും

മഴയുടെ മർമരം കാതോർത്ത് കിടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്നൊക്കെ മഴയുടെ രാഗത്തിനോത്ത് പാട്ടുകൾ മൂളിയും, കോരിച്ചൊരിയുന്ന മഴ വിടാതെ നനഞ്ഞും മഴയോട് കൂട്ടുകൂടിയിരുന്നു. മഴക്കാലം കവിതകളുടെയും കാലമായിരുന്നു. മഴയുടെ ശബ്ദം കാതോർത്ത്‌ കണ്ണടക്കുമ്പോൾ അറിയാതെ മനസ്സിലേക്ക് ഭാവനയുടെ ചിറകേറി വാക്കുകൾ വന്നിരുന്നു. ആ വാക്കുകളിൽ അവ ചെർന്ന  കവിതകളിൽ  പ്രണയത്തിൻറെ നൂറ്  വർണ്ണങ്ങൾ വിരിഞ്ഞിരുന്നു. ഒരു ചാന്ദ്രമാസത്തിന് ഇപ്പുറം അതേ  മഴക്കാലം ദുസ്സഹമായിരിക്കുന്നു. അന്നും ഇന്നും മഴ ഒരുപോലെ തന്നെ. അതേ  രാഗത്തിൽ അതേ താളത്തിൽ തകർത്ത്  പെയ്യുന്ന മഴയുടെ ശബ്ദം എന്നെ വല്ലാതെ അലട്ടുന്നുവോ? അകലെ കാണുന്ന പച്ചപ്പരവതാനി വിരിച്ച മല നിരകളും ഇടയ്ക്കിടെ കാണുന്ന വെള്ളച്ചാട്ടങ്ങളും, ഇടവിട്ടൊഴുകുന്ന അരുവികളും, എന്നിൽ ഉണർത്തേണ്ടത് ഭയമാണോ? എനിക്ക് പ്രിയപ്പെട്ടത് എന്തോ ഒന്ന് നഷ്ടമാകുന്നു എന്ന ഭയം? ഉറക്കമില്ലാത്ത രാത്രികളിൽ, പകലിൻറെ തിരക്കിനിടയിൽ വീണുകിട്ടുന്ന നിമിഷങ്ങളിൽ, എന്നെ അലട്ടുന്ന ഓർമ്മകൾക്ക് ഒരു മഴയുടെ അകമ്പടി ഉണ്ടോ?

No comments:

Post a Comment