Friday, January 1, 2016

നമ്മള്‍


കണ്ണുകള്‍  ചിമ്മാതെ നോക്കിയിരിക്കെ നിൻ
കണ്ണുകള്‍ ചൊല്ലും കഥയൊന്നു കേൾപ്പൂ ഞാൻ
അറിയാതെ നിന്നിളം പുഞ്ചിരി എന്നിലെ
പരിഭവം ഒക്കെയും മായ്ച്ചു  കളയവെ
അരുതെന്ന്  നീ ചൊന്ന  കാര്യങ്ങൾ  ഒക്കെയും
അറിഞ്ഞു  നിൻ അരിശം  കാണാനായ് ചെയ്യവെ
കളിയായ് നിൻ കവിളിലെ മറുകിൽ തലോടവേ
അറിയുന്നു  ഞാൻ നിന്റെ  ഹൃദയത്തിൻ താളത്തിൽ
എൻ മനം അറിയാതെ അലിഞ്ഞു  പോകുന്നതു൦

Sunday, August 9, 2015

വിലക്കുകൾ

ആദ്യമായ് മുട്ടിലിഴയുമ്പോൾ അമ്മ വിലക്കി
മോളേ  ചെരുപ്പ് എടുക്കാൻ പാടില്ല അത് അഴുക്കാണ്
നടന്നു തുടങ്ങിയപ്പോ വീണ്ടും വിലക്കി
മുറ്റത്ത് ഇറങ്ങല്ലേ ഉടുപ്പ് ചീത്തയാകും
സ്കൂളിൽ പോയി തുടങ്ങിയപ്പോഴും വിലക്കി
വഴിയിൽ  ആരോടും കഥ പറഞ്ഞു നില്ക്കണ്ട വേഗം ഇങ്ങു വരണം
പത്തു വയസിന്റെ കുസൃതികളും  പന്ത്രണ്ടു വയസിന്റെ കൗതുകങ്ങളും
 വിലക്കുമ്പോൾ കാരണം ഒന്നും അമ്മ പറഞ്ഞില്ല
ഒരു ദിവസം അമ്മ പറഞ്ഞു ഇനി കളിയും ചിരിയും കുറച്ച്  കുറയ്ക്കണം
വല്യ പെണ്ണായി എന്ന ഒരു വിചാരം വേണം
അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞതിന്റെ അർഥം ചോദിച്ചപ്പോ
അമ്മ പറഞ്ഞു അത് കുട്ടികള്ക്ക് അറിയാനുള്ളതല്ല
ഈ അമ്മക്കെന്താ??? അപ്പൊ നേരത്തെ പറഞ്ഞതോ വല്യ പെണ്ണായി എന്ന്
ഇന്നലെ അമ്മ പറഞ്ഞു കല്യാണം  കഴിക്കാറായി
ഇനി ഉറക്കെ ചിരിക്കാൻ പാടില്ല
ചൂളം വിളിക്കാൻ പാടില്ല ജീനസ് ഇടാൻ പാടില്ല
ആവശ്യമില്ലാതെ സംസാരിക്കാൻ പാടില്ല
മുതിര്ന്നവരുടെ മുന്നില് ഇരിക്കാൻ പാടില്ല
തല ഉയർത്തി  സംസാരിക്കാൻ പാടില്ല
 അടുത്ത ഒരു ദിവസം എന്റെ കല്യാണം തീരുമാനിച്ചു
പിന്നെ അമ്മ ഒന്നും വിലക്കിയില്ല
എനിക്ക് സന്തോഷമായി
പിന്നീട് കല്യാണം കഴിക്കാൻ പോകുന്ന ആള് പറഞ്ഞു
അധികം ഒരുക്കമൊന്നും വേണ്ട പ്രായം കൂടുതൽ തോന്നുന്നു 
കുർത്ത  ഇടുമ്പോൾ മുകളിൽ ഒരു ഷാൾ  ആകാം
എന്തിനാ മുടി ഇങ്ങനെ അഴിച്ചിടുന്നത് കെട്ടി വയ്ക്കുന്നതാണ്‌  ഭംഗി
 വിലക്കുകൾ പിന്നെയും തുടർന്നു  വിലക്കുന്ന ആൾ മാത്രം മാറി


Friday, August 22, 2014

ഒരു തുള്ളി കണ്ണീർ

ഒരു തുള്ളി കണ്ണീരെൻ ഹൃദയത്തിൽ  നിന്നൂർന്ന്
കപോല ദ്വയങ്ങളെ  തഴുകീടവേ
അറിയാതെ ഞാൻ എൻറെ കൈത്തലംകൊണ്ട് അതെ
മൃദുലമായ് മെല്ലെ തുടച്ചീടവേ
അരുമയാം  മിഴികളിൽ ഒരു നൂറു ചോദ്യവും
ഹൃദയത്തിൽ അതിലേറെ സ്നേഹവുമായ്‌
ഇന്ന് നീ എന്നിലെക്കെയ്യുന്ന ചോദ്യങ്ങൾ
 പിന്നെയും എന്നിലെ നൊമ്പരമായ്

Wednesday, August 20, 2014

നിന്നെ അറിയാൻ

ആ കണ്ണുകളിലേക്കു നോക്കിയിരിക്കാൻ
ആ വാക്കുകൾ കാതോർക്കാൻ
ഓരോ വാക്കിലും നിറയുന്ന സ്നേഹം അറിയാൻ
എനിക്കിഷ്ടമുള്ള നിന്റെ കള്ളച്ചിരി കാണാൻ
വെറുതെ ആ നെഞ്ചിൽ ചേർന്ന് നില്ക്കാൻ
പതിഞ്ഞ നിന്റെ ഹൃദയമിടിപ്പ്‌ കേൾക്കാൻ
അതേ താളത്തിൽ എന്റെ ഹൃദയമിടിക്കുന്നത് അറിയാൻ
നിന്നോടോത്ത് മരിക്കുവോളം ജീവിക്കാൻ
ഞാൻ നിന്റെ കൂടെ വരാം

Tuesday, August 19, 2014

അവൻ


എന്റെ കൗമാര സ്വപ്നങ്ങളിൽ നിറഞ്ഞു  നിന്നിരുന്ന ഒരു കഥാപാത്രം ഉണ്ട്, സ്നേഹത്തിന്റെ അനന്തമായ  മെഘപാളികളാൽ ജീവിതമെന്ന മരുഭൂമിയിൽ  തോരാമഴ പെയ്യിക്കാൻ വരുന്ന ഒരാൾ. ജീവിതത്തിന്റെ പല നാൾവഴികളിൽ  പകച്ചു നില്ക്കുംബോഴൊക്കെ ചിന്തിച്ചിട്ടുണ്ട്, ആരായിരിക്കും ആ ഒരാൾ? എനിക്ക് വേണ്ടി മാത്രം  ജനിച്ചവൻ? ജീവിതത്തിന്റെ ഓരോ  അനുഭവങ്ങളും മനസ്സിനെ ഞാൻ അറിയാതെ കല്ലാക്കുമ്പോൾ, അവനു വരാനുള്ള വഴികൾ  ഓരോന്നായി അടയുകയായിരുന്നില്ലേ?

കാലമെന്ന സത്യത്തിന്റെ തെളിവ് പോലെ മനസ്സിൽ കടലോളം സ്നേഹം നിറച്ച്‌വന്ന അവൻ ഇരു കൈകളും  നിവർത്തി  തന്റെ ഹൃദയത്തിലെക്കെന്നെ ക്ഷണിക്കുമ്പോൾ, കല്ലുപോലെ ഉറഞ്ഞു പോയ എന്റെ മനസ് അലിയാൻ കൂട്ടാക്കാതെ നിൽക്കുകയാണോ?

അന്നുമിന്നും

മഴയുടെ മർമരം കാതോർത്ത് കിടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്നൊക്കെ മഴയുടെ രാഗത്തിനോത്ത് പാട്ടുകൾ മൂളിയും, കോരിച്ചൊരിയുന്ന മഴ വിടാതെ നനഞ്ഞും മഴയോട് കൂട്ടുകൂടിയിരുന്നു. മഴക്കാലം കവിതകളുടെയും കാലമായിരുന്നു. മഴയുടെ ശബ്ദം കാതോർത്ത്‌ കണ്ണടക്കുമ്പോൾ അറിയാതെ മനസ്സിലേക്ക് ഭാവനയുടെ ചിറകേറി വാക്കുകൾ വന്നിരുന്നു. ആ വാക്കുകളിൽ അവ ചെർന്ന  കവിതകളിൽ  പ്രണയത്തിൻറെ നൂറ്  വർണ്ണങ്ങൾ വിരിഞ്ഞിരുന്നു. ഒരു ചാന്ദ്രമാസത്തിന് ഇപ്പുറം അതേ  മഴക്കാലം ദുസ്സഹമായിരിക്കുന്നു. അന്നും ഇന്നും മഴ ഒരുപോലെ തന്നെ. അതേ  രാഗത്തിൽ അതേ താളത്തിൽ തകർത്ത്  പെയ്യുന്ന മഴയുടെ ശബ്ദം എന്നെ വല്ലാതെ അലട്ടുന്നുവോ? അകലെ കാണുന്ന പച്ചപ്പരവതാനി വിരിച്ച മല നിരകളും ഇടയ്ക്കിടെ കാണുന്ന വെള്ളച്ചാട്ടങ്ങളും, ഇടവിട്ടൊഴുകുന്ന അരുവികളും, എന്നിൽ ഉണർത്തേണ്ടത് ഭയമാണോ? എനിക്ക് പ്രിയപ്പെട്ടത് എന്തോ ഒന്ന് നഷ്ടമാകുന്നു എന്ന ഭയം? ഉറക്കമില്ലാത്ത രാത്രികളിൽ, പകലിൻറെ തിരക്കിനിടയിൽ വീണുകിട്ടുന്ന നിമിഷങ്ങളിൽ, എന്നെ അലട്ടുന്ന ഓർമ്മകൾക്ക് ഒരു മഴയുടെ അകമ്പടി ഉണ്ടോ?

Friday, June 21, 2013

വിഷുക്കണി

 സ്വർണ്ണതിൻ മണികൾ നിരത്തിവച്ച്
ഭംഗിയായ്‌ കോര്ത്തൊരു പാദസരം
മേടത്തിൻ വരവറിയിച്ച് കൊണ്ട്
കൊന്നതൻ ചില്ലയിൽ വന്നണഞ്ഞു
കണ്ണന് പൊന്മാല ചാര്തിടാനായ്
ഭൂമി ഒരുങ്ങി വരുന്നപോലെ
കണിക്കൊന്ന മരമൊന്നു  മേനിമൂടെ
പൂക്കളണിഞ്ഞു കുനിഞ്ഞുനിന്നു
ലക്ഷണമൊത്തൊരാ വൃക്ഷകന്യ
പ്രേമ നൈവേദ്യവുമായ്‌ അണയെ
പൂമരച്ചോട്ടിലെ കൃഷ്ണനുണ്ണി
പുഞ്ചിരി തൂവുകയായിരുന്നു.