Sunday, August 9, 2015

വിലക്കുകൾ

ആദ്യമായ് മുട്ടിലിഴയുമ്പോൾ അമ്മ വിലക്കി
മോളേ  ചെരുപ്പ് എടുക്കാൻ പാടില്ല അത് അഴുക്കാണ്
നടന്നു തുടങ്ങിയപ്പോ വീണ്ടും വിലക്കി
മുറ്റത്ത് ഇറങ്ങല്ലേ ഉടുപ്പ് ചീത്തയാകും
സ്കൂളിൽ പോയി തുടങ്ങിയപ്പോഴും വിലക്കി
വഴിയിൽ  ആരോടും കഥ പറഞ്ഞു നില്ക്കണ്ട വേഗം ഇങ്ങു വരണം
പത്തു വയസിന്റെ കുസൃതികളും  പന്ത്രണ്ടു വയസിന്റെ കൗതുകങ്ങളും
 വിലക്കുമ്പോൾ കാരണം ഒന്നും അമ്മ പറഞ്ഞില്ല
ഒരു ദിവസം അമ്മ പറഞ്ഞു ഇനി കളിയും ചിരിയും കുറച്ച്  കുറയ്ക്കണം
വല്യ പെണ്ണായി എന്ന ഒരു വിചാരം വേണം
അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞതിന്റെ അർഥം ചോദിച്ചപ്പോ
അമ്മ പറഞ്ഞു അത് കുട്ടികള്ക്ക് അറിയാനുള്ളതല്ല
ഈ അമ്മക്കെന്താ??? അപ്പൊ നേരത്തെ പറഞ്ഞതോ വല്യ പെണ്ണായി എന്ന്
ഇന്നലെ അമ്മ പറഞ്ഞു കല്യാണം  കഴിക്കാറായി
ഇനി ഉറക്കെ ചിരിക്കാൻ പാടില്ല
ചൂളം വിളിക്കാൻ പാടില്ല ജീനസ് ഇടാൻ പാടില്ല
ആവശ്യമില്ലാതെ സംസാരിക്കാൻ പാടില്ല
മുതിര്ന്നവരുടെ മുന്നില് ഇരിക്കാൻ പാടില്ല
തല ഉയർത്തി  സംസാരിക്കാൻ പാടില്ല
 അടുത്ത ഒരു ദിവസം എന്റെ കല്യാണം തീരുമാനിച്ചു
പിന്നെ അമ്മ ഒന്നും വിലക്കിയില്ല
എനിക്ക് സന്തോഷമായി
പിന്നീട് കല്യാണം കഴിക്കാൻ പോകുന്ന ആള് പറഞ്ഞു
അധികം ഒരുക്കമൊന്നും വേണ്ട പ്രായം കൂടുതൽ തോന്നുന്നു 
കുർത്ത  ഇടുമ്പോൾ മുകളിൽ ഒരു ഷാൾ  ആകാം
എന്തിനാ മുടി ഇങ്ങനെ അഴിച്ചിടുന്നത് കെട്ടി വയ്ക്കുന്നതാണ്‌  ഭംഗി
 വിലക്കുകൾ പിന്നെയും തുടർന്നു  വിലക്കുന്ന ആൾ മാത്രം മാറി